ആലപ്പുഴ: ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്’ കാമ്പയിന് മുന്നോടിയായി കാസർകോഡ് നിന്നാരംഭിച്ച പ്രചാരണ ജാഥയ്ക്ക് ആലപ്പുഴ ജില്ലയിൽ സ്വീകരണം നൽകി. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് ഊന്നൽ നൽകി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുതുവർഷത്തിൽ സംസ്ഥാനത്തൊട്ടാകെ തുടക്കം കുറിക്കുന്ന പദ്ധതിയാണ് ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്’ കാമ്പയിൻ.
കൃത്യമായ ഇടപെടലുകളിലൂടെ ജീവിത ശൈലിയിൽ മാറ്റം വരുത്തി മാനസിക, ശാരീരിക ആരോഗ്യം കൈവരിക്കുക എന്നതാണ് കാമ്പയിൻ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചങ്ങനാശ്ശേരിക്കു സമീപം ജില്ലാ അതിർത്തിയിലാണ് സംസ്ഥാന വാഹന ജാഥയെയും ദീപശിഖയെയും സ്വീകരിച്ചത്.
സൈക്കിൾ റാലിയും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങൾ അടങ്ങിയ ഫ്ലോട്ടുകളും ഉൾപ്പടെ ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വർണ്ണശബളമായ പ്രചരണ ഘോഷയാത്രയിൽ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അണിനിരന്നു. ജാഥ ക്രിസ്ത്യൻ കോളേജിൽ എത്തിയതിനുശേഷം നടന്ന സ്വീകരണ സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുന വർഗീസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ. എം അനന്ത്, ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ. പി ജിജി ജോൺ, ചെങ്ങന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിത കുമാരി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ടെനി ജെ പള്ളിപ്പാടൻ, ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.






