പത്തനംതിട്ട: സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയുള്ള നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വിവരശേഖരണം തുടങ്ങി.
ഓര്‍ത്തഡോക്സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ഭവനം സന്ദര്‍ശിച്ചാണ് ജില്ലയില്‍ പരിപാടി ആരംഭിച്ചത്. സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം ജില്ലാസമിതി അംഗങ്ങളായ ആര്‍ അജിത് കുമാര്‍, എസ് ആദില എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കത്തും ബ്രോഷറും അദ്ദേഹത്തിന് കൈമാറി. തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പദ്ധതി ലക്ഷ്യം വിശദീകരിച്ചു.
സാധാരണ ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും ഏതൊക്കെ മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നതും മനസിലാക്കി കൃത്യമായി രേഖപ്പെടുത്തി സര്‍ക്കാരില്‍ എത്തിച്ച് നടപ്പാക്കുന്നതിനുള്ള പരിശ്രമം അഭിനന്ദനാര്‍ഹമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പദ്ധതികള്‍ ജനങ്ങളില്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് മനസിലാക്കുന്നതിനും രാഷ്ട്രനിര്‍മിതിക്കായി പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതിനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സംവിധായകരായ ബ്ലസി, ഡോ. ബിജു കുമാര്‍, യുവസംരഭകനും അജയ് ഹാച്ചറീസ് മാനേജിംഗ് ഡയറക്ടറുമായ ഡോ. പി വി ജയന്‍, സാഹിത്യകാരനായ കൈപ്പട്ടൂര്‍ തങ്കച്ചന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വിനോദ് കെ രാജ്, റിഥംസ് സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് പത്തനംതിട്ട ഡയറക്ടര്‍ അഡ്വ. രാഗം അനൂപ്, ഹൈക്കോടതി അഭിഭാഷക അഡ്വ. എസ് ശ്രീദേവി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുമായി ആദ്യ ദിവസം സന്നദ്ധ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിച്ചു.
ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുവാനും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം ആരായുവാനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസിലാക്കി ആസൂത്രണം നടത്തുവാനും അഭിപ്രായം സമാഹരിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി 28 വരെയാണ് സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുക.






