ശബരിമല : ഓണം, കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടയ്ക്കും. തന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന നാരായണൻ നമ്പൂതിരി, മേൽശാന്തി പി.എൻ. മഹേഷ് എന്നിവരുടെ കാർമികത്വത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം, ഗണപതി ഹോമം എന്നിവ നടന്നു
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഈ മാസം 25, 26 തീയതികളിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തുമെന്ന് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ശബരിമല മേൽശാന്തിയാകാൻ 61 പേരും മാളികപ്പുറം മേൽശാന്തിയാകാൻ 45 പേരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. അഭിമുഖം പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ദേവസ്വം കമ്മിഷണർ ഹൈക്കോടതിക്ക് കൈമാറും. തുടർന്ന് തുലാം 1 ന് സന്നിധാനത്ത് വച്ച് നുറുക്കെടുപ്പിലൂടെ മേൽശാന്തിമാരെ തിരഞ്ഞെടുക്കും.