തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണാവസ്ഥയിൽ. ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ശ്രീകോവിൽ മേൽകൂര ഇടതുവശം ചരിഞ്ഞ നിലയിലാണ്. മഴ പെയ്യുമ്പോൾ വെള്ളം മുഴുവനും ഉള്ളിലേക്ക് വീഴുന്ന സ്ഥിതിയാണ്.
ഈ ദുരവസ്ഥ ചൂണ്ടി കാട്ടി പ്രദേശ വാസിയായ ശിവകുമാർ ചൊക്കംമഠം ദേവസ്വം ഓംബുഡ്സ്മാൻ മുഖേന കേരള ഹൈക്കോടതി യെ സമീപിക്കുകയും 2023 ജൂൺ 13 ന് ആറ് മാസത്തിനകം പണികൾ പൂർത്തിയാക്കി കോടതിയെ അറിയിക്കുവാനും, ഓരോ 3 മാസത്തേയും പണികളുടെ പുരോഗതി ദേവസ്വം ഓംബുഡ്സ്മാൻ മുഖേന ഹൈകോടതിയെ അറിയിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ ശ്രീകോവിൽ മേൽക്കൂര പുനർനിർമ്മിക്കണം എന്ന ആവശ്യം ഭക്തരും ഉപദേശക സമിതിയും ദേവസ്വം ബോർഡിനോട് രേഖമൂലം നൽകിയിരുന്നു
എന്നാൽ നാളിതുവരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പണികൾ ആരംഭിച്ചിട്ടില്ല. ഹൈക്കോടതിയെയും വെല്ലുവിളിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഭക്തർ പറഞ്ഞു. ഇപ്പോൾ നവരാത്രി കാലമാകയാൽ നിരവധി ഭക്തജങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർമ്മിക്കാത്തതിനെതിരെ കരുനാട്ടുകാവ് ഭക്തജന സമിതിയുടെ പ്രതിഷേധം ശക്തമാകുന്നു.






