ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസങ്കീർത്തന സോപാനം) ഈ മാസം 4 ന് ആരംഭിക്കും. 23 ന് സമാപിക്കും
4 ന് രാവിലെ 10.30 ന് കവി പ്രഭാ വർമ്മ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിക്കും. കോട്ടയം ഏറ്റുമാനൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. എ. മോഹനാക്ഷൻ നായർ ആശംസ പ്രസംഗം നടത്തും. വ്യവസായി മഠത്തിൽ രഘു മുഖ്യ അതിഥിയായിരിക്കും.
4 മുതൽ 23 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതൽ 1.30 വരെ ക്ഷേത്ര സന്നിധിയിൽ നടക്കും. വഞ്ചിപ്പാട്ട് സോപാനത്തിൽ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നതിന് എല്ലാ പള്ളിയോടകരകൾക്കും അവസരമുണ്ട്. അതത് കരകൾക്ക് വഞ്ചിപ്പാട്ട് സോപാനത്തിൽ ഇഷ്ടപ്പെട്ട വഞ്ചിപ്പാട്ട് അവതരിപ്പിക്കാം.
പ്രാഥമികമായി വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്ന പള്ളിയോടക്കരകളെ ഉൾപ്പെടുത്തി മേഖലാ അടിസ്ഥാനത്തിൽ വഞ്ചിപ്പാട്ട് മത്സരം നടത്തുന്നതും. മേഖലാ മത്സരവിജയികളെ ഉൾപ്പെടുത്തി ആഗസ്റ്റ് 23 ന് ഫൈനൽ മത്സരം നടത്തുന്നതുമാണ്.
വിജയികൾക്ക് പ്രമുഖ വ്യവസായി മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സ്വർണത്തിൽ നിർമിച്ച വഞ്ചിപ്പാട്ട് സോപാനം എവർറോളിങ് സുവർണ ട്രോഫിയും 25000 രൂപ സമ്മാനവും നൽകും. രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും ലഭിക്കും.
ഓഗസ്റ്റ് 20 ന് കിഴക്കൻ മേഖലയുടെയും 21 ന് മധ്യമേഖലയുടെയും 22 ന് പടിഞ്ഞാറൻ മേഖലയുടെയും പ്രാഥമിക മത്സരം അതത് ദിവസം രാവിലെ 10 മുതൽ 11.30 വരെ നടക്കും. ഇതിൽ നിന്ന് വിജയിക്കുന്ന ഓരോ കരകളാണ് ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പ്രാഥമിക അവതരണത്തിൽ പങ്കെടുക്കുന്ന കരകളുടെ ടീമിന് 1000 രൂപ പ്രോത്സാഹന സമ്മാനമായി നൽകുമെന്നും പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു