മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മരിച്ചു. കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്.മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാഞ്ഞതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. അക്യുപംഗ്ചറിസ്റ്റുകളായ മാതാപിതാക്കൾ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിട്ടും ചികിത്സ നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോട്ടയ്ക്കലിലെ വീട്ടില്‍വെച്ചാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന് മഞ്ഞപ്പിത്തം ഇല്ലായിരുന്നുവെന്നും പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത് .എന്നാൽ കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മലപ്പുറം ഡിഎംഒ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.