പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ഉപയോഗശൂന്യമായ നിലയിൽ സൂക്ഷിച്ചിരിക്കുന്ന 6.65 ലക്ഷം ടിൻ പഴയ അരവണ നീക്കം ചെയ്യാൻ സർക്കാർ ദേവസ്വം ബോർഡിന് അനുമതി നൽകി.ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. രണ്ട് വർഷത്തിലധികമായി മാളികപ്പുറം ഗോഡൗണിലാണ് പഴയ അരവണ സൂക്ഷിച്ചിരിക്കുന്നത്.
അരവണയിലെ ശർക്കര പുളിച്ച് കണ്ടെയ്നറുകൾ ഇപ്പോൾ പൊട്ടി തുടങ്ങിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച വാർത്ത നേത്തെ ദേശം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അരവണ നീക്കം ചെയ്യുന്നതിന് ടെൻഡറിൽ കുറഞ്ഞ തുക ഉൾപ്പെടുത്തിയ ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനീയറിങ് സൊലുഷൻ ലിമിറ്റഡിന് കരാർ നൽകിയ ദേവസ്വം ബോർഡിന്റെ തീരുമാനവും സർക്കാർ അംഗീകരിച്ചു.
ഇതിൻ പ്രകാരം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, എ. അജികുമാർ എന്നിവർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. സർക്കാരിൻ്റെ മേൽനോട്ടത്തിൽ അരവണ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു, ഇത് സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.