തിരുവല്ല: കുറ്റൂർ റെയിൽവേ അടിപ്പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടയ്ക്കുന്നു. കുറ്റൂർ ജംഗ്ഷൻ – മനയ്ക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയാണ് നവംബർ 20 മുതൽ ഡിസംബർ 10 വരെ അടച്ചിടുന്നത്. നിരന്തരമായി പെയ്യുന്ന മഴയിൽ ഇവിടെ വെള്ളക്കെട്ട് പതിവായിരുന്നു. അടിപ്പാതയിലെ കോൺക്രീറ്റും കമ്പിയും ഇളക്കി മാറ്റി, വെള്ളം കയറാത്ത വാട്ടർ പ്രൂഫ് കോൺക്രീറ്റ് ചെയ്യാനാണ് പുതിയ തീരുമാനം.
റെയിൽവേ അടിപ്പാതകളിൽ ഏറ്റവും നീളംകൂടിയ പാതയാണ് കുറ്റൂരിലേത്. 23അടി വീതിയിലും 50അടി നീളത്തിലുമായി ബോക്സ് രൂപത്തിൽ രണ്ടെണ്ണം നിർമിച്ച ശേഷം ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് തള്ളിയാണ് പാത മുൻ കാലത്ത് നിർമ്മിച്ചത്. ബോക്സ് നീക്കിയ സമയത്ത് ഇത് ഇരുത്തിപ്പോയതാണ് മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി നിരവധി പരീക്ഷണങ്ങൾ റെയിൽവേ നടത്തിയെകിലും വെള്ളക്കെട്ടിനു പരിഹാരം കാണാൻ സാധിച്ചില്ല.
കഴിഞ്ഞവർഷം കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബും വെള്ളക്കെട്ടിൽ അകപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. റെയിൽവേ ഗേറ്റും കാവൽക്കാരനെയും ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിൽ അടുത്തിടെ ഗേറ്റ് സ്ഥാപിച്ചും കാവൽക്കാരനെ നിർത്തിയും പുതിയ പരീക്ഷണം നടത്തി. ഇത്രമാത്രം പരീക്ഷണങ്ങൾ നടത്തിയിട്ടും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സാധിച്ചില്ല.
തുടർന്ന് നാട്ടുകാരും വാഹന യാത്രക്കാരും റെയിൽവേ ഉന്നതർക്ക് നൽകിയ നിരവധി പരാതികളുടെ ഫലമായി നാലുമാസം മുമ്പ് റെയിൽവേ റോഡ് സേഫ്റ്റി ചീഫ് എൻജിനീയർ ഹുമാൻഷു ഗോസാമി അടിപ്പാത സന്ദർശിക്കുകയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാൻ അടിയന്തര നടപടി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കാൻ പോകുന്ന നിർമ്മാണ പ്രവർത്തനം.
നിലവിൽ ഫുട്പാത്തിന് മുകളിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഒരടി കൂടി വീതി കൂട്ടി നിർമ്മിച്ചാൽ വലിയ കാറുകൾ ഉൾപ്പെടെ കടന്നു പോകാൻ സാധിക്കുമെന്നും പുതിയ നിർമ്മാണത്തിൽ വെള്ളക്കെട്ടിന് ശാശ്വതം പരിഹാരം കാണണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രദേശവാസിയുമായ വി. ആർ.രാജേഷ് പറഞ്ഞു.