ന്യൂഡൽഹി :ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാതെ വിസ്താര എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.ചൊവ്വാഴ്ച രാവിലെ മാത്രം 38 സർവീസുകൾ റദ്ദാക്കി.മുംബൈയിൽ നിന്ന് 15ഉം ഡൽഹിയിൽ നിന്ന് 12ഉം ബെംഗളൂരുവിൽ നിന്ന് 11 വിമാനങ്ങളുമാണ് റദ്ദാക്കിയവ.ഇന്നലെയും വിസ്താരയുടെ 50ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു .160 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
ദീര്‍ഘമായ ജോലിസമയവും എയർലൈൻ നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതുക്കിയ ശമ്പളഘടനയുമാണ് പൈലറ്റുമാർ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ .കഴിഞ്ഞ ഒരാഴ്‌ച്ചയോളമായി വിസ്താരയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.വിമാനം റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച് വിസ്താരയോട് കേന്ദ്ര വ്യോമയാനവകുപ്പ് വിശദീകരണം തേടി.