പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ചൊവ്വ രാത്രിയിൽ പൊലീസ് നടത്തിയ ആക്രമണത്തിൽ നടപടി. സംഭവത്തിൽ ആരോപണ വിധേയനായ പത്തനംതിട്ട എസ്. ഐ. ജെ യു ജിനുവിനെയും സി പി ഒ മാരായ ജോബിൻ ജോസ്, അഷ്പാക് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എസ്. ഐ. ജിനുവിനെ എസ്.പി ഓഫിസിലേക്ക് രാവിലെ തന്നെ സ്ഥലം മാറ്റിയിരുന്നു.
ആക്രമണം സംബന്ധിച്ച് ഡിഐജി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പൊലീസിൻ്റെ ആക്രമണത്തിൽ മുണ്ടക്കയം പുഞ്ചവയൽ കുളത്താശേരിയിൽ ശ്രീജിത് (34), ഭാര്യ സി. ടി. സിത്താരമോൾ (31), ആലപ്പുഴ നെഹ്റു ട്രോഫി വാർഡിൽ ഷിജിൻ (35) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വ രാത്രി 11.30 ന് അബാൻ ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. അടൂരിൽ സിതാരയുടെ സഹോദരൻ്റെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് ട്രാവലറിൽ മടങ്ങിയ സംഘത്തിന് നേരെയാണ് പത്തനംതിട്ട ടൗണിൽ വച്ച് പൊലീസ് നരനായാട്ട് നടത്തിയത്.
സിത്താരയുടെ തോളെല്ലിന് പൊട്ടലും തലയ്ക്ക് പരുക്കുമുണ്ട്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ ഇന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.