കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരന് ദാര്യണാന്ത്യം. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. എങ്ങനെയാണ് വാഹനം നിയന്ത്രണം വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടി സീറ്റിനടിയിലേക്ക് വീണുപോകുകയായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ടിനു, മെറിൻ, മാത്യു, ശോശാമ്മ, ലൈസമ്മ, കിയാൻ എന്നിവർക്ക് പരിക്കേറ്റു.
കുട്ടിയുടെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






