ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ നിലവിൽ വരും. ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനം നേടാനാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. സാധാരണ യാത്രക്കാരെ വലിയ തോതിൽ ബാധിക്കാത്ത രീതിയിലാണ് നിരക്ക് വർധന രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി.
ചെറുദൂര യാത്രക്കാർക്ക് ആശ്വാസം നൽകുന്ന തരത്തിലാണ് മാറ്റങ്ങൾ. ഇതനുസരിച്ച്, 500 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന നോൺ-എസി യാത്രക്കാർക്ക് ഏകദേശം 10 രൂപ അധികമായി നൽകേണ്ടിവരും. എന്നാൽ സബർബൻ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കും പ്രതിമാസ സീസൺ ടിക്കറ്റുകളുടെയും നിരക്കും വർധിപ്പിക്കാത്തത് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
നിരക്ക് വർധനവ് ഇങ്ങനെ
-സബർബൻ ട്രെയിൻ, പ്രതിമാസ സീസൺ ടിക്കറ്റ് നിരക്ക്- മാറ്റമില്ല
-215 കിലോമീറ്റർ വരെ ഓർഡിനറി ക്ലാസ്- മാറ്റമില്ല
-215 കിലോമീറ്ററിൽ കൂടുതൽ ഓർഡിനറി ക്ലാസ്- കിലോമീറ്ററിന് 1 പൈസ
-മെയിൽ/എക്‌സ്പ്രസ് നോൺ എസി ക്ലാസ് -കിലോമീറ്ററിന് 2 പൈസ
-മെയിൽ/എക്‌സ്പ്രസ് എസി ക്ലാസ്- കിലോമീറ്ററിന് 2 പൈസ
-നോൺ എസി 500 കിലോമീറ്റർ യാത്ര- 10 രൂപ






