ന്യൂഡൽഹി : ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്തിനുണ്ടായ 7.8 ശതമാനം സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ മോദി .സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള അസ്ഥിരതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും മൂലം ആഗോളതലത്തിൽ വിതരണ ശൃംഖലകൾ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ, ഈ വെല്ലുവിളികളെല്ലാം മറികടന്ന് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക പുരോഗതിയെ തരംതാഴ്ത്തി കാണിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു .രാജ്യത്ത് നുണകൾ പരത്തി നിരാശ പടർത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.
ആത്മനിർഭർ ഭാരത് യാഥാർത്ഥ്യമാക്കുന്നതിനായി ജനങ്ങൾ സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു .അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നതിലും നിയന്ത്രണം വരുത്തണമെന്നും വിദേശ രാജ്യങ്ങളിൽ പോയി വിവാഹങ്ങൾ നടത്തുന്നത് പൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു .





