പത്തനംതിട്ട : പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.തിരുവല്ല സർക്കാർ ആശുപത്രിയിലെ പുതിയ ഒ.പി. കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.
തിരുവല്ല കോടതി സമുച്ചയത്തിന്റെ നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട വിഷയം ജില്ലാ വികസന സമിതി (DDC) യോഗത്തിൽ ഉന്നയിക്കുകയും, കുടിശ്ശികയായ ബിൽ തുക അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുന്നതിനും പദ്ധതി വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കടപ്ര കണ്ണശ്ശ സ്മാരക സ്കൂൾ, അഴിയിടത്ത് ചിറ ഗവ. സ്കൂൾ, പൊടിയാടി ഗവ. എൽ.പി.എസ്. എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉൾപ്പെടുന്ന യോഗം അടിയന്തരമായി ചേരണമെന്നും നിർദ്ദേശിച്ചു.
കൊതേക്കാട് പാലത്തിന്റെ നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചു.കോൺകോർഡ് പാലം വെള്ളപ്പൊക്ക സാഹചര്യം പരിഗണിച്ച് ഉയർത്തി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നതിനായി ഇൻലാൻഡ് നാവിഗേഷൻ ബോർഡിന്റെ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മല്ലപ്പള്ളി ഫയർ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കുമെന്നും യോഗത്തിൽ അറിയിച്ചു.





