അടൂർ : ആനന്ദപ്പള്ളിയിലെ ബി എസ് എൻ എൽ ടവർ റൂമിൽ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും, മൊഡ്യൂളുകളും, ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്ടിച്ച കേസിൽ ഒരാളെ അടൂർ പോലീസ് പിടികൂടി.
പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ സതീഷ് കുമാറാണ് (39) അറസ്റ്റിലായത്. ബി എസ് എൻ എൽ അടൂർ ഡിവിഷൻ പരിധിയിൽ ഒപ്റ്റിക്കൽ ഇന്റർനെറ്റ് സേവനം നൽകുന്നതിന് കരാർ എടുത്തിട്ടുള്ള സിഗ്നൽ കമ്പനിയുടെ ഉപകരണങ്ങളാണ് ഏപ്രിൽ 14 ന് മോഷ്ടിക്കപ്പെട്ടത്.
ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ഈ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ആനന്ദപ്പള്ളി ബിഎസ് എൻ എൽ ടവർ റൂമിന്റെ പൂട്ട് പൊളിച്ച് കയറി ഒപ്റ്റിക്കൽ ലൈൻ ടെർമിനൽ, അതിൽ ഘടിപ്പിച്ചിരുന്ന 8 മൊഡ്യൂളുകൾ, 5000 മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ എന്നിവ പ്രതി മോഷ്ടിച്ച് കടത്തുകയായിരുന്നു. കമ്പനിക്ക് രണ്ടുലക്ഷത്തിൽ പരം രൂപയുടെ നഷ്ടം സംഭവിച്ചു.
മോഷണ വസ്തുക്കൾ ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ, കൂടുതൽ ആളുകൾ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങി മോഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് ജില്ലാ പോലീസ് മേധാവി വി. അജിത് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ആർ രാജീവ്, എസ് ഐമാരായ എൽ ഷീന, ആർ രാധാകൃഷ്ണൻ, എസ് സി പി ഓമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിൻറെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു