പത്തനംതിട്ട : ടൗണിൽ കെ എസ് ആർ ടി സി ജംഗ്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം തടസപ്പെടുത്താൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. ഇതോടെ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു പെട്രോൾ പമ്പും ഇരുപതോളം വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു. മേൽപ്പാല നിർമ്മാണം അനന്തമായി നീളുന്നത് വ്യാപാരികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു.
8 വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ട കെ എസ് ആർ ടി സി ടെർമിനലിൻ്റെ കടമുറികൾ ലക്ഷങ്ങൾ നൽകി വാടകക്കെടുത്ത വ്യാപാരികൾക്ക് ഇനിയും മുറികൾ ഉപയോഗിക്കാൻ ആവശ്യമായ അനുമതി ലഭിച്ചിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുനർനിർമാണവും അനന്തമായി നീണ്ടാൽ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാകും.
വ്യാപാരികളുടെ ലൈസൻസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ പത്തനംതിട്ട നഗരസഭയുടെ ഭാഗത്തുനിന്ന് കാലതാമസം നേരിടുന്നുണ്ട്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളെ പറ്റി ആലോചിക്കുമെന്ന് ഭാരവാഹികൾ പത്തനംതിട്ട പ്രസ് ക്ലബിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.