കൊച്ചി : സേവാഭാരതിയുടെ പ്രവർത്തനം എല്ലാ പഞ്ചായത്തുകളിലും കൂടുതല്‍ ശക്തമായി വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കൊച്ചിൽ തുടക്കമായി. കൊച്ചി എളമക്കര ഭാസ്‌കരീയത്തില്‍ ചേര്‍ന്ന ദേശീയ സേവാഭാരതി വാര്‍ഷിക സമ്മേളനത്തില്‍ ഇത് സംബന്ധിച്ചുള്ള ചർച്ച അവതരിപ്പിച്ചു.
എല്ലാ പഞ്ചായത്തിലും ഒരു സ്ഥിരം സേവനകേന്ദ്രം നടപ്പിലാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സേവനത്തിനായി 5000 പാലിയേറ്റീവ്, ജെറിയാട്രിക് വളണ്ടിയര്‍മാരെയും, എല്ലാ ജില്ലകളിലും സേവാഭാരതി പുനര്‍ജനി സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. നിംഹാന്‍സ് പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെയും ഫീല്‍ഡ് വളണ്ടിയര്‍മാരെയും ആരോഗ്യ മേഖലയില്‍ നിയോഗിക്കും.
2027 ആവുന്നതോടെ എല്ലാ ജില്ലകളിലും രണ്ടുവീതം സാന്ത്വന സ്പര്‍ശം തെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. നൂറ് ദിവസത്തിനുള്ളില്‍ എല്ലാ പഞ്ചായത്തുകളും ചേര്‍ന്ന് ഒരു ലക്ഷം രക്തദാതാക്കളെ തയാറാക്കും. സേവാ ഗ്രാമങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും ബാലസംസ്‌കാര കേന്ദ്രങ്ങളും തുടങ്ങും.
ഒരു വര്‍ഷത്തിനുള്ളില്‍ ഇരുനൂറു ആശ്രയ കേന്ദ്രങ്ങള്‍ (സങ്കട മോചന കേന്ദ്രങ്ങള്‍) ആരംഭിക്കും. അതിഥി തൊഴിലാളികള്‍ക്കായി അഭയം സെന്ററുകള്‍ ആരംഭിക്കും. സേവാഭാരതിയുടെ ‘വൈഭവ് ശ്രീ’ പുരുഷ/ സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ തുടങ്ങും. എല്ലാ ജില്ലകളിലും നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു.
സമാപനസഭയില്‍ രാഷ്‌ട്രീയ സേവാഭാരതി അഖിലഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിജയ പുരാണിക് സേവാ സന്ദേശം നല്കി. ദേശീയ സേവാഭാരതിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാംശങ്കര്‍ ഹരി അധ്യക്ഷത വഹിച്ചു.