ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ അപമൃത്യു അടക്കമുള്ള ദുർനിമിത്തങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരമായി ദേവപ്രശ്‍നം നടത്തി പരിഹാര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്തർ ദേവസ്വം ബോർഡിനും തന്ത്രിക്കും കത്തുകൾ നൽകി.
ഏകാദശി നാളായിരുന്ന കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഗരുഡവാഹനം എഴുന്നള്ളിപ്പിനിടെ കാരായ്‌മക്കാരുടെ കൈയിൽ നിന്നും വാഹന ചട്ടം താഴെ വീണത് ആണ് ഒടുവിലത്തെ സംഭവം. ഒരു മാസം മുൻപ് തെക്കേ ഗോപുരത്തിൽ കാരായ്മ കുടുംബത്തിലെ ഒരാൾ മരിച്ചു കിടക്കുന്നതായും കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞതിന് ശേഷമാണ് ജഡം ഗോപുരത്തിൽ നിന്നും മാറ്റിയത്. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ഊട്ട് പുരയോട് ചേർന്ന ചുറ്റുമതിൽ ഇടിഞ്ഞു വീണതും ദിവസങ്ങൾക്ക് മുൻപാണ്.
കിഴക്കേ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് ശേഷം പൂർത്തിയാവാതെ കിടക്കുന്ന നിലയിലും ആണ്. ഇത് കൂടാതെ ക്ഷേത്രത്തിന്റെ മതിൽക്കകത്തും നാലമ്പലത്തിന്റെ ഉള്ളിലും ഒട്ടേറെ ദുർനിമിത്തങ്ങൾ ഉണ്ടായതായും ഭക്തർ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ക്ഷേത്രം ഉപദേശക സമിതിയും തന്ത്രി അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടും കൂടിയാലോചിച്ചു ദേവപ്രശനം നടത്തി വള്ള സദ്യ ആരംഭിക്കുന്ന ജൂലൈ 21 ന് മുൻപായി പരിഹാര ക്രിയകൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മനേഷ് നായർ ആറന്മുള എന്ന ഭക്തൻ ദേവസ്വം ബോർഡിന് നിവേദനം നൽകി.