കൊല്ലം : കൊല്ലത്ത് ഉത്സവത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് കാഴ്ച്ചക്കാർ നിർബന്ധിച്ചതു കൊണ്ടാണെന്ന് ഗായകൻ കെ ജി മാർക്കോസ്. മനുഷ്യ മനസുകളിൽ വിഷമില്ലാതാകുന്നത് കലാകാരനെന്ന നിലയിൽ സംതൃപ്തി നൽകുന്നു.
നിലവിലെ സാഹചര്യത്തിൽ ഗാനമേളയിൽ ജനങ്ങൾ പാട്ടുകൾ ആവശ്യപ്പെടുമ്പോൾ ആലോചിച്ച് മാത്രമേ പാടാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഉത്സവത്തിനിടെ ഈ പാട്ട് പാടാനുണ്ടായ സാഹചര്യം മാർക്കോസ് വിശദീകരിച്ചു. സിനിമാ ഗാനങ്ങളിലെ ചില വാക്കുകളുടെ പേരിൽ അത് പാടരുതെന്ന് വിലക്കിയ അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് മാർക്കോസ് പറഞ്ഞു.
‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം’ എന്ന പാട്ട് കേൾക്കാത്ത മലയാളികളുണ്ടാവില്ല. രണ്ടായിരത്തിലാണ് ഈ പാട്ട് താൻ ആദ്യം പാടിയതെന്ന് കെ ജി മാർക്കോസ് പറഞ്ഞു.
കൊല്ലത്തെ കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ അര മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഈ പാട്ട് പാടണമെന്ന് സദസ്സിൽ നിന്ന് ആവശ്യമുയർന്നു. പാടാം പാടാം എന്ന് പറഞ്ഞ് മറ്റ് പാട്ടുകൾ പാടിക്കൊണ്ടിരുന്നു. എന്നിട്ടും സമ്മതിക്കുന്നില്ല.
രണ്ട് വശത്തു നിന്നും ഇസ്രയേലിൻ നാഥൻ പാടൂ എന്ന് പറഞ്ഞു വിളിയാണ്. അപ്പോഴും പേടിയായിരുന്നു. തുടങ്ങിക്കഴിഞ്ഞ് ആരെങ്കിലും പ്രശ്നമുണ്ടാക്കിയാലോ എന്ന്. പാടാം പാടാമെന്ന് പറഞ്ഞ് രണ്ടര മണിക്കൂർ തള്ളിക്കൊണ്ടുപോയി. രാത്രി 10 മണി ആവാറായപ്പോഴേക്കും ആളുകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവസാന മണിക്കൂറിൽ പാടിയത്. മാർക്കോസ് പറഞ്ഞു.