കോട്ടയം : മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേർന്ന് അവരെ സഹായിക്കുക എന്നതാണ് ക്രിസ്തുവും,ബുദ്ധനും പകർന്നു നൽകിയ ദർശനമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ്. സഹോദരൻ എന്ന ജീവകാരുണ്യപദ്ധതിയിലൂടെ മലങ്കര ഓർത്തഡോക്സ് സഭയും,പരിശുദ്ധ കാതോലിക്കാബാവായും ആ ദർശനത്തെ പൂർണതയിലെത്തിച്ചു.മലങ്കര ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരന്റെ മൂന്നാം വാർഷികം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
മൂന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകർ സഹോദരിക്ക് ഒരു തരി പൊന്ന് എന്ന പദ്ധതിയിലൂടെ ഒരു കോടി നാൽപ്പത് ലക്ഷം രൂപ സമാഹരിച്ചിരുന്നു. സ്ത്രീശക്തി വിചാരിച്ചാൽ ഒന്നും അസാധ്യമല്ല എന്നതിന്റെ തെളിവാണിത്. ഈ ദൗത്യം നിറവേറ്റിയ സ്ത്രീജനങ്ങളെ അഭിനന്ദിക്കുന്നതായും ഗവർണർ പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭ സമൂഹത്തിൽ നടത്തുന്ന സാമൂഹിക ഇടപെടലുകൾ പരിഗണിച്ച് പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് സഭയ്ക്ക് സമ്മാനിക്കുന്നതായി ഗവർണറുടെ എ.ഡി.സി മേജർ കുമാർ പ്രഖ്യാപിച്ചു. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം പരിശുദ്ധ കാതോലിക്കാബാവക്ക് ഡോ.സി.വി ആനന്ദബോസ് സമ്മാനിച്ചു. ഡോ.സി.വി ആനന്ദബോസിന്റെ പുസ്തകങ്ങളായ ഞാറ്റുവേല, പുത്തനാട്ടം എന്നിവയുടെ പ്രകാശനകർമ്മവും വേദിൽ നടന്നു.
സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യാക്കോബ് റമ്പാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.