കോട്ടയം: മറിയപ്പള്ളിയിൽ നിർമ്മാണം അന്തിമഘട്ടത്തിലിരുന്ന വീട് തെങ്ങ് വീണ് തകർന്നു. ആളപായമില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീണത്. മറിയപ്പള്ളി മഠത്തിക്കാവ് ഭാഗത്ത് തെക്കേടത്ത് വീട്ടിൽ രംഗനാഥന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്.
നവംബർ മൂന്നിന് വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്താനിരിക്കെയാണ് വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണത്. മാസങ്ങളോളമായി ഈ തെങ്ങ് സമീപത്തെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
എന്നാൽ തെങ്ങ് വെട്ടിമാറ്റാൻ യാതൊരു വിധ നടപടിയും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തെങ്ങ് വീണതോടെ വീടിന്റെ ഓടിട്ടമേൽക്കൂരയും, സീലിംങും അടക്കം പൂർണമായും തകർന്നു. മേൽക്കൂരയുടെ പല ഭാഗങ്ങളിലും നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്. അപകടം ഉണ്ടാകുമ്പോൾ ഗൃഹനാഥൻ രംഗനാഥനും കുടുംബാംഗങ്ങളും രണ്ട് ജോലിക്കാരും വീട്ടിലും പരിസരത്തുമായി ഉണ്ടായിരുന്നു.






