ഭുവനേശ്വർ : ദാന ചുഴലിക്കാറ്റിനെ നേരിടാൻ ഒഡിഷയിൽ അതീവ ജാഗ്രതാ നിർദേശം. കിഴക്കൻ- മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ദാന ചുഴലിക്കാറ്റ് ഇതിനോടകം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് ഒക്ടോബർ 25 വെള്ളിയാഴ്ച ഒഡിഷയിലെ ഭിതാർകനിക പാർക്കിനും ധമ്ര തുറമുഖത്തിനും ഇടയിൽ കരതൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ആശങ്ക. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷ, പശ്ചിമ ബംഗാൾ സർക്കാരുകൾ , കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ്, മറ്റ് രക്ഷാ സേനകൾ എന്നിവരും ജാഗ്രതയിലാണ്.
ഒഡിഷയിലെ 3 ജില്ലകളെചുഴലിക്കാറ്റ് രൂക്ഷമായി ബാധിക്കും.ഒഴിപ്പിക്കേണ്ട 10 ലക്ഷം പേരിൽ 30 ശതമാനം പേരെയും ഒഴിപ്പിച്ചു. ബാക്കിയുള്ളവരെ വ്യാഴാഴ്ച രാവിലെയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ക്യാംപുകളിലേക്കു മാറ്റിയവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഒഡിഷയിൽ 150-ലധികം ട്രെയിനുകൾ റദ്ദാക്കി. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരദേശ ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.