ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിനിടയിൽ കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്ന സാഹചര്യത്തിൽ അലംഭാവം തുടരുന്ന കരാർ കമ്പനികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ചേർത്തല, അരൂർ മേഖലയിൽ ദേശീയപാത നിർമ്മാണത്തിനിടെ നിരന്തരം പൈപ്പുകൾ പൊട്ടുന്നത് മൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അടിയന്തരയോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
ചൊവ്വാഴ്ച്ച പതിനൊന്നാം മൈലിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളിൽ തീർക്കണമെന്ന കർശന നിർദ്ദേശവും മന്ത്രി കരാർ കമ്പനിക്ക് നൽകി. അതുവരെ ചേർത്തല നഗരസഭ, തണ്ണീർമുക്കം, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം വടക്ക് എന്നിവടങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാനും കമ്പനിക്ക് നിർദേശം നൽകി.
കുടിവെള്ള പൈപ്പ് ലൈനുകൾ സംബന്ധിച്ച് വാട്ടർ അതോറിറ്റി കൃത്യമായ വിവരങ്ങൾ നൽകിയിട്ടും കരാർ കമ്പനികളുടെ അശ്രദ്ധയും അശാസ്ത്രീയമായ നടപടികളും മൂലമാണ് തുടർച്ചയായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത്. അതിനാൽ പാഴാകുന്ന കുടിവെള്ളത്തിന്റെ വിലയും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായി വരുന്ന ചിലവും മുൻകാല പ്രാബല്യത്തോടെ കരാർ കമ്പനികളിൽ നിന്ന് ഈടാക്കുവാനും യോഗം തീരുമാനിച്ചു.
പൈപ്പുകൾ പൊട്ടുകയും കുടിവെള്ളവിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അടിയന്തരപരിഹാരത്തിന് റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കാനും കരാർ കമ്പനികൾക്ക് നിർദേശം നൽകി. നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി മാനുവലായി കുഴികളെടുത്ത് പൈപ്പ് ലൈൻ ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രമേ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ഇനി കുഴികളെടുക്കാവൂ.
കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സഹാചര്യമുണ്ടായാൽ ബാധിത പ്രദേശങ്ങളിലേക്ക് കരാർ കമ്പനികളുടെ ചെലവിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കണം. ഇതിനാവശ്യമായ ജലം മാക്കേകടവ് പ്ലാന്റിൽ നിന്നും മാത്രമേ ശേഖരിക്കാവൂ എന്നും ശുദ്ധജലം കൊണ്ടുപോകുന്നതിനുള്ള വാട്ടർ ടാങ്കുകളിൽ മാത്രമേ വെള്ളം വിതരണം ചെയ്യാൻ പാടുള്ളൂ എന്നും മന്ത്രി പറഞ്ഞു.






