തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം രൂക്ഷമായതോടെ ശബരിമല സീസണിൽ സ്പെഷൽ സർവീസുകളെ ബാധിക്കുമോയെന്ന് ആശങ്ക. തിരുവനന്തപുരം ഡിപ്പോയിൽ മാത്രം 66 ഡ്രൈവർമാരുടെ കുറവാണുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു ഡ്രൈവർമാരെ എടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. 715 രൂപയാണ് താൽക്കാലിക ഡ്രൈവർമാർക്ക് ദിവസ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇത് 900 രൂപയായി ഉയർത്തണമെന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞയിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ഡ്രൈവർമാരെല്ലാം പണി മതിയാക്കി. വീണ്ടും എക്സ്ചേഞ്ചിനു കത്ത് നൽകിയിരിക്കുകയാണ് കെഎസ്ആർടിസി. സ്വിഫ്റ്റ് ബസുകൾക്കായി 385 ഡ്രൈവർമാർ, 310 ഡ്രൈവർ കം കണ്ടക്ടർ, 345 കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.





