പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റംവരുത്തിയതിനുപുറമേ ആനകളെ പുറത്തിറക്കി നടത്തി തുടങ്ങി.ജൂൺ മുതൽ കോന്നി ആനത്താവളത്തിന് തിങ്കളാഴ്ചകളിൽ അവധി നൽകാനും തീരുമാനിച്ചു.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ഭാഗമായ കോന്നി ആനത്താവളത്തിലെ ആനകൾക്ക് വ്യായാമക്കുറവ് ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആനകളെ ആനത്താവളത്തിലെ സ്ഥിര നടത്തത്തിനു പുറമേ കോന്നി -ചന്ദനപ്പള്ളി റോഡിൽ നടത്തുന്നത്.
കോന്നിയിൽ നിന്ന് കുമ്മണ്ണൂരിലേക്ക് ആനകളെ നടത്തിക്കൊണ്ടു പോകുന്നതിനു മുന്നോടിയായി പരിശീലനം എന്ന നിലയിലാണ് ഒരാഴ്ച്ചയായി ഇപ്പോഴത്തെ നടത്തം. ആനക്കൂട്ടിൽ കൊച്ചയ്യപ്പൻ എന്ന കുട്ടിക്കൊമ്പൻ മുതൽ രണ്ട് കൊമ്പനാനകളും മൂന്ന് പിടയാനകളുമായി അഞ്ചാനകളാണ് ആകെയുള്ളത്.
ആനകളുടെ വ്യായാമത്തിന്റെ ഭാഗമായി ആനത്താവളത്തിലെ സമയക്രമത്തിലും വനംവകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9.30 മുതൽ 6.30 വരെയാണ് പുതുക്കിയ സമയക്രമം.ജൂൺ മുതൽ ആനകൾക്ക് കായിക പരിശീലനം നൽകാനും മറ്റുമായി കോന്നി ആനത്താവളത്തിന് തിങ്കളാഴ്ചകളിൽ അവധി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഇക്കോടൂറിസം കേന്ദ്രത്തിലെ ആനകൾക്ക് കായിക അദ്ധ്വാനം കുറവാണെന്നും ഇത് ആനകളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചു എന്ന കണ്ടെത്തലിനെത്തുടർന്നാണ് വ്യായാമത്തിനായി പുറത്തേക്കുള്ള നടത്തം ആരംഭിച്ചത്.