കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ തിരുമേനി സമ്പുഷ്ടമാക്കി.വൈദേശിക ആധിപത്യത്തിൽ നിന്ന് സഭയെ സംരക്ഷിക്കാൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിക്ക് കഴിഞ്ഞെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.
വട്ടശ്ശേരിൽ തിരുമേനിയുടെ 91 ാം ഓർമ്മപ്പെരുന്നാളും, ചരമ നവതി സമാപനവും കോട്ടയം പഴയസെമിനാരിയിൽ ആചരിച്ചു.രാവിലെ നടന്ന വിശുദ്ധ മുന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയെ തുടർന്ന് പ്രദക്ഷിണം,കബറിങ്കൽ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ് എന്നിവയോടെയാണ് ഓർമ്മപ്പെരുന്നാളിന് സമാപനമായത്.