തിരുവനന്തപുരം : വന്യജീവി ആക്രമണത്തിൽ നിരന്തരം ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെയും അനാസ്ഥയ്ക്കെതിരെ കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് നടന്ന സമ്മേളനം കെസിസി പ്രസിഡണ്ട് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ബിഷപ്പുമാർ രാഷ്ട്രീയം പറയണമെന്നും രാഷ്ട്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുവാൻ ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ അവകാശമുണ്ടെന്നും പ്രതികരിക്കുമ്പോൾ അതിനെ നിശബ്ദമാക്കുവാനുള്ള അധികാരികളുടെ ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് റവ. എ. ആർ. നോബിൾ, ജനറൽ സെക്രട്ടറി റവ.ഡോ. എൽ. റ്റി. പവിത്ര സിംഗ്, സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ, ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, മേജർ ടി.ഇ. സ്റ്റീഫൻസൺ, റവ.ഡോ. എൽ. ജെ. സാംജീസ് എന്നിവർ പ്രസംഗിച്ചു.
വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭ ഒന്നായി അതിൽ ഇടപെടണമെന്നും നിയമമനുസരിച്ച് ജീവിക്കുന്ന മനുഷ്യൻറെ ജീവനും സ്വത്തിനും അപകടകരമാകുന്ന എന്തിനെയും തടയുവാൻ സർക്കാർ തയ്യാറാകണമെന്നും കെ സി സി ആവശ്യപ്പെട്ടു.