ന്യൂഡൽഹി : കേരളത്തിന് ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഒരാഴ്ച മുൻപ് തന്നെ എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നതായും കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
സംസ്ഥാനത്ത് 20 സെന്റീമീറ്ററിൽ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലായ് 23-ന് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.ജൂലൈ 24നും 25നും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26നും മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു ,ആഭ്യന്തര മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നുമുള്ള വിമർശനങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഇക്കാര്യം പാർലമെന്റിൽ വിശദീകരിച്ചത്.