കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിർമിച്ച ഭൂഗർഭ അടിപ്പാത പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു .
സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാഛാദനം ചെയ്തു മന്ത്രി അടിപ്പാത നാടിനു സമർപ്പിച്ചു. മെഡിക്കൽ കോളജിലെത്തുന്നവർക്ക് അടിപ്പാതയിൽനിന്ന് ഒ.പി. കെട്ടിടത്തിലേക്ക് മഴ നനയാതെ പ്രവേശിക്കുന്നതിന് മേൽക്കൂര നിർമിക്കാൻ എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി.
അടിപ്പാതയ്ക്കു 18 മീറ്റർ നീളവും, അഞ്ചു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. പടികളോട് കൂടിയ ആഗമന-ബഹിർഗമന പാതകളും ക്രമീകരിച്ചിരിക്കുന്നു. ഇതോടൊപ്പം പൂർണമായ നീളത്തിൽ ആധുനിക രീതിയിലുള്ള അലങ്കാരവും വൈദ്യുതീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന നടപ്പാതയിൽകൂടി ആഗമന കവാടം വഴി ഭൂഗർഭ പാതയിൽ പ്രവേശിച്ച് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് എത്താം. സി.സി. ടി.വി.യും ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1981 എം.ബി.ബി.എസ്. ബാച്ച് 22 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും മാലിന്യശേഖരണത്തിനായി വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.