ആലപ്പുഴ: പാൽ ഉല്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തമാകുവാൻ എല്ലാവരും ഒത്തു ചേർന്ന് പരിശ്രമിക്കണമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കുന്ന ക്ഷീരതീരം പദ്ധതി മൽസ്യതൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സാകുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം 94,500 രൂപ ഒരു മൽസ്യതൊഴിലാളി കുടുംബത്തിനു രണ്ടു പശുക്കളെ മേടിക്കത്തക്ക നിലയിൽ കൊടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകർഷകരുടെ പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ എട്ടു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാനം തുടക്കം കുറിച്ചെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മേഖല യൂണിയനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിക്ക് ക്ഷീര വികസന വകുപ്പ് 1.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിരമിച്ച ജീവനക്കാർക്കുള്ള ആദരവും ഡിസംബർ 17ന് ഉച്ചയ്ക്ക് 12 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.