കോട്ടയം : സമൂഹത്തിൽ പലവിധമായ ദുരിതങ്ങളാൽ വേദനിക്കുന്നവർക്ക് യേശുക്രിസ്തുവിന്റെ ഉയിർപ്പ് പ്രത്യാശയേകട്ടെയെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ആശംസിച്ചു. മാതൃഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഹരിച്ച് ആശമാർക്ക് പ്രത്യാശ പകരണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ആശാ വർക്കർമാർ വീട്ടമ്മമാരാണ്. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സർക്കാർ നടപടി പുന:പരിശോധിക്കണം. മലയോര കർഷകരും, തീരദേശജനതയും ദുരിതങ്ങളുടെ തടവറയിലാണ്.ആദിവാസിജനസമൂഹത്തെ
കേരളത്തിൽ ആത്മഹത്യകൾ വർധിക്കുകയാണ്. സ്വന്തം കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമാണ്. പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു.
സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ശേഷം ആദ്യമായാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മാതൃഇടവകയിൽ ഹാശാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ഒഴാഴ്ച്ചക്കാലം ഇടവകയിൽ താമസിച്ചാണ് കാതോലിക്കാബാവാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. മാതൃഇടവകയിലെ വിശ്വാസികൾ നൽകിയ സ്നേഹത്തിന് പരിശുദ്ധ കാതോലിക്കാബാവാ നന്ദി രേഖപ്പെടുത്തി.
വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2 മണിക്ക് ആരംഭിച്ചു. ശേഷം ഉയിർപ്പ് പ്രഖ്യാപനവും, പ്രദക്ഷിണവും, വിശുദ്ധ കുർബാനയും നടന്നു. വികാരി ഫാ.കുറിയാക്കോസ് മാണി, സഹവികാരി ഫാ.ജേക്കബ് ഫിലിപ്പോസ്, ട്രസ്റ്റി എം.എ. അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി സെബിൻ ബാബു പുതുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ ഏകോപിപ്പിച്ചത്.