തിരുവല്ല : വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെയും മനുഷ്യശരീരത്തിന്റെ ഉള്ളറകളിലെ കാഴ്ച്ചകളെയും അവതരിപ്പിക്കുന്ന മെഡിഫെസ്റ്റ് 2024 ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ തുടക്കമായി. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെയുള്ള ആറു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മെഡിഫെസ്റ്റ് പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.
മെഡിഫെസ്റ്റ് പോലെയുള്ള മെഡിക്കൽ എക്സിബിഷനുകളിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുവാനും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ അറിവുകൾ കൃത്യമായി ഗ്രഹിക്കുവാനും ഉള്ള അവസരമാണ് ലഭിക്കുന്നതെന്നും ഇത്തരം പരിപാടികളിലൂടെ ആതുരശുശ്രൂഷാരംഗത്തും ആരോഗ്യമേഖലയിലും വിപ്ളവകരമായ ചരിത്രമാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സൃഷ്ടിക്കുന്നതെന്നും ആന്റോ ആന്റണി ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു.
ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷനായ ചടങ്ങിൽ ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ ഡോ വിജയമ്മ കെ എൻ, മെഡിഫെസ്റ്റ് കൺവീനർ ഡോ എമിലിൻ മാത്യു, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ ബേസിൽ ജോർജ് എന്നിവർ സംസാരിച്ചു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിന്റെ ക്യാംപസിൽ നൂറ്റിയൻപതോളം സ്റ്റാളുകളിലായാണ് മെഡിഫെസ്റ്റ് മെഡിക്കൽ എക്സിബിഷന്റെ മൂന്നാം എഡീഷൻ സജ്ജീകരിച്ചിരിക്കുന്നത്. നാൽപ്പത്തിയഞ്ചിൽ അധികം മെഡിക്കൽ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലും വിദഗ്ദ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ – നഴ്സിംഗ് – അലൈഡ് സയൻസ് അധ്യാപകരുടെ നേതൃത്വത്തിലുമാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെയും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിലെയും ബിലീവേഴ്സ് അക്കാഡമി ഓഫ് അലൈഡ് സയൻസിലെയും വിദ്യാർത്ഥികൾ സ്റ്റാളുകൾ തയ്യാറാക്കിയിരിക്കുന്നത്.
റോബോട്ടിക്സ്, എ ഐ പവിലിയൻ, വെർച്വൽ റിയാലിറ്റി ഗെയിമുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്ന എക്സിബിഷനിലേക്ക് രാവിലെ 8 മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം.