തിരുവനന്തപുരം: സിപിഐയുടെ എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും ധാരണയായി. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. വിഷയത്തില്‍ സിപിഐയുടെ തുടർ നടപടി എന്താകും എന്നതാണ് ഇനി ആകാംക്ഷ.
2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്.
രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്.






