ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം നാളെ (16) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്നു ഭക്തർക്കു ദർശനത്തിന് അവസരം ലഭിക്കും. 17 മുതൽ 21 വരെയാണ് കന്നിമാസ പൂജ. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി10ന് നട അടയ്ക്കും.
ആഗോള അയ്യപ്പ സംഗമം പ്രമാണിച്ച് 19നും 20നും വെർച്വൽ ക്യൂവിലും സന്നിധാനത്ത് മുറികൾ അനുവദിക്കുന്നതിലും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ മാസപൂജയ്ക്ക് പ്രതിദിനം 50,000പേർക്കാണ് ദർശനത്തിനുള്ള വെർച്വൽ ക്യു അനുവദിക്കുന്നത്. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ദർശനത്തിനുള്ള സൗകര്യം ദേവസ്വം ബോർഡ് ക്രമീകരിക്കുന്നുണ്ട്.