തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കും.ഇരുപത്തിനാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായികമേള ഒളിമ്പ്ക്‌സ് മാതൃകയിലാണ് ചിട്ടപ്പെടുത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിപുലമായ ചടങ്ങുകളോടെ മത്സരങ്ങൾ ആരംഭിക്കും. സമാപന സമ്മേളനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.