ആലപ്പുഴ: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ പൊതു യോഗങ്ങള്‍, പ്രചാരണ പ്രര്‍ത്തനങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണം. വേനല്‍ കടുക്കുമ്പോള്‍ ശരീരത്തില്‍ ഹീറ്റ് റാഷ് ഉണ്ടാകുക, പേശിവലിവ്, താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു. അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ശര്‍ദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണിത്.
സൂര്യാഘാത ലക്ഷണങ്ങള്‍ക്ക് ചികിത്സ തേടുക
അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയോ കഠിനമായ വെയില്‍ നേരിട്ട് ഏല്‍ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശക്തി കുറഞ്ഞതും വേഗതയിലുമുള്ള നാഡിയിടുപ്പ്, ശക്തിയായ തലവേദന, തലകറക്കം മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാത ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോള്‍ അസ്വസ്ഥത തോന്നിയാല്‍ പെട്ടെന്ന് തണലിലേയ്ക്ക് മാറുക. കാറ്റുകൊള്ളുക. ധാരാളം വെള്ളം കുടിക്കുക. കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങള്‍ അയച്ചിടുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നേരിട്ട് ശക്തമായ വെയില്‍ ഏല്‍ക്കാത്ത ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുക.
2. ആവശ്യമായ ഫാന്‍, കൂളര്‍ എന്നിവ യോഗസ്ഥലങ്ങളില്‍ സജ്ജമാക്കണം
3. യോഗസ്ഥലത്ത് ശുദ്ധമായ കുടിവെള്ളം സജ്ജമാക്കണം
4. തുറസ്സായതും നേരിട്ടു വെയില്‍ ഏല്‍ക്കുന്നതുമായ ഇടങ്ങളില്‍
പൊതുയോഗങ്ങള്‍ രാവിലെ 11 നും മൂന്നിനുമിടയില്‍ ഒഴിവാക്കുന്നതാണ് ഉചിതം.
5. പുറത്തിറങ്ങുമ്പോള്‍ കഠിനമായ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കണം.
6. കയ്യില്‍ കുടിവെള്ളം ആവശ്യത്തിന് കരുതുക.
7. ദാഹം തോന്നിയില്ലെങ്കിലും ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.
8. ഒ.ആര്‍.എസ.് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങ വെള്ളം, മോരും വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ കുടിക്കുക.
9. ഗ്ലൂക്കോസ്, സോഡ മറ്റ് കാര്‍ബണേറ്റസ് ഡ്രിങ്ക്‌സ്, ചായ, കാപ്പി എന്നിവ ശരീരത്തിലെ ജലാംശം കുറയ്ക്കുമെന്നതിനാല്‍ അവ ഒഴിവാക്കുക.
10. ഇളം നിറത്തിലുള്ള അയഞ്ഞതും കട്ടി കുറഞ്ഞതുമായ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കം മഞ്ഞപിത്തം, ടൈഫോയ്ഡ് എന്നിവ പിടിപെടാന്‍ സാധ്യതയേറെയായതിനാല്‍ ഭക്ഷണപാനീയ ശുചിത്വ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. പുറത്ത് പോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കുപ്പിയില്‍ എടുക്കാന്‍ മറക്കരുത്.സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ നിന്ന് ഭക്ഷണ പാനീയങ്ങള്‍ കഴിക്കരുതെന്നും ഡി.എം.ഒ. അറിയിച്ചു.