അടൂർ : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജരാവാതെ ഒളിച്ചുമാറി നടന്ന രണ്ട് പ്രതികളിൽ ഒരാളെ അടൂർ പോലീസ് പിടികൂടി. 2022 ജൂണിൽ അടൂർ പോലീസ് രജിസ്റ്റർ ചെയ്ത 2.85 കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതി അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ വിനീഷ് (30) ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി പാലമേൽ കുടശ്ശനാട് കഞ്ചിക്കോട് പൂവണ്ണും തടത്തിൽ അൻസൽ ആണ്.
ഇരുവരെയും 2022 ജൂൺ 29 ന് അടൂർ നെല്ലിമൂട്ടിൽ പടിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പരിശോധനയിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും തുണി സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.ഇത് വിൽപ്പനക്കായി സൂക്ഷിച്ചതാണെന്ന് ഇരുവരും സമ്മതിച്ചിരുന്നു. ഏനാത്ത് അടൂർ റോഡിൽ സ്കൂട്ടറിൽ പ്രതികൾ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതുപ്രകാരം നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതികൾ കുടുങ്ങിയത്.
റിമാൻഡിലായ പ്രതികൾ പിന്നീട് ജാമ്യത്തിലിറങ്ങുകയും, 2024 നവംബർ 28 ന് ശേഷം പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി രണ്ടിൽ വിചാരണക്ക് ഹാജരാവാതെ മുങ്ങുകയുമായിരുന്നു. തുടർന്ന്, കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇത് മനസ്സിലാക്കിയ പ്രതികൾ ഒളിവിൽ പോയി.
പോലീസ് അന്വേഷണത്തിൽ, ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഇവിടെ കാണിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തി പിടികൂടി. വെറ്റക്കൊടിക്കുള്ളിൽ ഷെഡ് കെട്ടി ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ. അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ മേൽനോട്ടത്തിൽ എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പ്രതിയെ കുടുക്കിയത്.