പത്തനംതിട്ട : കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ ലിസ്റ്റ് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങേയറ്റം ഉചിതമായ തീരുമാനമാണ് എന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.പുതിയ ഭാരവാഹി പട്ടികയിൽ എല്ലാ സാമൂഹ്യ ബാലൻസിംഗും കണക്കിലെടുത്തിട്ടുണ്ട്.
പുതിയ ലിസ്റ്റ് പരിചയ സമ്പത്തിന്റെയും യുവരക്തത്തിന്റെയും ഒരു മിശ്രണമാണ്. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ഉള്ള പ്രവർത്തനം സണ്ണി ജോസഫിനും സംഘത്തിനും കഴിയും എന്ന് ഉറച്ച വിശ്വാസമുണ്ട്. കെ സുധാകരനെ പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവാക്കിയതിലൂടെ പരിചയ സമ്പത്ത് പൂർണമായും പാർട്ടി ഉപയോഗിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പരിചയസമ്പന്നതയും യുവത്വത്തിന്റെ ആവേശവും ഒന്നു ചേർന്ന് ആവേശകരമായ ഫലം സൃഷ്ടിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .