ന്യൂഡൽഹി: പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട മുന്ന് പേരെ ബീഹാറിലെ ബക്സറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ബിഹാർ പോലീസും എൻഐഎയും സംയുക്തമയി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. റേഡിയോ കമ്യൂണിക്കേഷൻ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത മൂന്നാഴ്ചയ്‌ക്കുള്ളിൽ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാൻ യുവാക്കൾ ഗൂഢാലോചന നടത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് സംശയിക്കപ്പെടുന്നവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഒരു ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. പദ്ധതി നടപ്പിലാക്കാൻ 22 ദിവസത്തെ സമയവും പണവും ആവശ്യപ്പെട്ട് സംഘം ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിയെ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
പിടികൂടിയവരെ എൻഐഎയും ബീഹാർ പോലീസും വിവിധ അന്വേഷണ ഏജൻസികളും സംയുക്തമായി ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിശദാംശങ്ങൾ ബിഹാർ പോലീസ് പുറത്തു വിട്ടിട്ടില്ല. സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇവരിൽ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു.






