സംസ്ഥനത്തെ തന്നെ ഏറ്റവും വലിയ സരസ്വതീപ്രതിഷ്ഠയായി കരുതപ്പെടുന്ന പന്തളം പാട്ട്പുരക്കാവ് ദേവീക്ഷേത്രത്തിൽ പുലർച്ചെമുതൽ തന്നെ പൂജയെടുപ്പ്, വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ചിരിച്ചും കരഞ്ഞും നൂറ് കണക്കിന് കുരുന്നുകൾ വിദ്യാദേവിയെ സാക്ഷിയാക്കി ആചാര്യന്മാരുടെ കൈ പിടിച്ച് അക്ഷരമുറ്റത്തേക്ക് പിച്ചവച്ചു.
പന്തളം പാട്ടുപുരക്കാവിൽ എല്ലാവർഷത്തെയും പോലെ തന്നെ ഈ വർഷവും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ അറിവിൻ്റെ ആദ്യക്ഷരം കുറിക്കാൻ എത്തിച്ചേർന്നുവെന്ന് പന്തളം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പന്തളം ശിവൻകുട്ടി പറഞ്ഞു.
ആറന്മുള മൂർത്തിട്ട മഹാഗണപതിക്ഷേത്രത്തിൽ യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് കുരുന്നുകൾക്ക് ആചാര്യനായി.
ഇലവുംതിട്ട മൂലൂർ സ്മാരകത്തിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇവിടെ ഏഴാച്ചേരി രാമചന്ദ്രൻ, ഫാദർ. കെ സി ഏബ്രാഹാം കോട്ടാമഠത്തിൽ, ഡോ. ബൈജു ഗംഗാധരൻ, എൻ. രാജേഷ് ഐ പി എസ് എന്നിവർ ആചാര്യന്മാരായി
മലയാലപ്പുഴ ദേവീക്ഷേത്രം, മലയാലപ്പുഴ തോമ്പിൽ കൊട്ടാരം, ഇലന്തൂർ ഭഗവതി കുന്ന് ദേവീക്ഷേത്രം, ഇലന്തൂർ ഗണപതി ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ദേവീക്ഷേത്രങ്ങളിലും ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ചടങ്ങുകളോടെയാണ് അറിവിൻ്റെ ഉത്സവം ആഘോഷിച്ചത്.