കോഴിക്കോട് : വോട്ടർപട്ടിക പരിഷ്ക്കരണം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ സംശുദ്ധമാക്കുന്നതിന്റെ ഏറ്റവും ആദ്യത്തെ മൗലികമായ നടപടിയാണ് എസ് ഐ ആറെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്യരാജ്യങ്ങളിൽ നിന്ന് നുഴഞ്ഞ് കയറിയവർക്ക് കോൺഗ്രസ് ഐഡി കാർഡ് നൽകി വോട്ടർ പട്ടികയിൽ പേര് ചേർത്തു. വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരെ വോട്ട് ചോരി എന്ന പേരിൽ റാലി നടത്തി.
എന്നാൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബീഹാറിൽ വോട്ട് ചോരിയെക്കുറിച്ച് കോൺഗ്രസോ ഇൻഡി മുന്നണിയോ മിണ്ടുന്നില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസതയെ ചോദ്യം ചെയ്യാൻ വളരെ ബോധപൂർവമായ രാജ്യവിരുദ്ധ പ്രചരണമാണ് രാഹുൽ ഗാന്ധി നടത്തി. വോട്ടർ പട്ടിക പരിഷ്കരിക്കുന്നത് ബിജെപി അല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ എൽഡിഎഫും യുഡിഎഫും കുടുങ്ങുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പല മണ്ഡലങ്ങളിലും ഇരട്ട വോട്ടുകൾ ചേർക്കുന്നതിൽ മാർക്സിസ്റ്റ് പാർട്ടിയും ലീഗും കാര്യമായി അധ്വാനിക്കുന്നുണ്ട്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വ്യാപകമായി കർണാടകയിൽ നിന്നുള്ള വോട്ടർമാരെ മുസ്ലീം ലീഗ് ആസൂത്രിതമായി പട്ടികയിൽ ചേർക്കുന്നുണ്ട്. മലപ്പുറം ജില്ലയിലും വ്യാപകമായി ഇരട്ടവോട്ടുകളുണ്ട്.
കള്ള വോട്ട് ചേർക്കാൻ സിപിഎം എന്നും ശ്രമിച്ചിട്ടുണ്ട്. വോട്ടർ പട്ടിക പരിഷ്കരിച്ച് കഴിഞ്ഞാൽ കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല എന്നതാണ് എൽഡിഎഫിനും യുഡിഎഫിനും ഭീതി ഉണ്ടാക്കുന്നതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.






