പാലക്കാട് : മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജി (46) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടിൽ പോയി വരികയായിരുന്നു ഇരുവരും. അലനെ ആന തുമ്പിക്കൈകൊണ്ട് അടിക്കുകയും കാൽകൊണ്ട് തൊഴിക്കുകയും ചെയ്തു. പിന്നാലെ വന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു.അമ്മയാണ് ഫോൺ വിളിച്ച് മറ്റുള്ളവരെ സംഭവം അറിയിച്ചത് .തുടർന്ന് നാട്ടുകാരെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലേക്കെത്തും മുമ്പെ അലൻ മരിച്ചിരുന്നു.തോളെല്ലിനും ശരീരത്തിൻറെ വലതുഭാഗത്തും പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് .അലൻ കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു.രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.അലന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആ൪ആ൪ടി അംഗങ്ങളെ നിയോഗിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.