തൃശൂർ : ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിജിലൻസ് അന്വേഷണം.തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇ.യു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പുറത്തുവന്നത് .സംഭവത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്. 50 ലക്ഷമോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോൺഗ്രസ് പുറത്തുവിട്ടത്. യുഡിഎഫിനും എൽഡിഎഫിനും 7 അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്.ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചു. തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം തന്നെ ജാഫര്‍ അംഗത്വം രാജിവെച്ചുകൊണ്ട് കത്തും നല്‍കി.






