പത്തനംതിട്ട: അടിയന്തര സാഹചര്യങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് സുരക്ഷിതമായ താൽക്കാലിക താമസവും പരിചരണവും ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ‘അൻപ് വീട്’ പദ്ധതിയിലേക്ക് താൽപര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് 5 മണിവരെ നീട്ടി.
മാതാപിതാക്കളോ പരിചാരകരോ ചികിത്സയ്ക്കോ ആശുപത്രിവാസത്തിനോ യാത്രയ്ക്കോ ഗുരുതരമായ അസുഖം മൂലമോ പരിചരണം നൽകാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായ ഇടം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ, റെസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, അനുയോജ്യമായ താമസസൗകര്യമുള്ള തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പദ്ധതിയുടെ ഭാഗമായി ‘അൻപ് വീട്’ നടത്താൻ താൽപര്യപത്രം സമർപ്പിക്കാം.
ഭിന്നശേഷിയുള്ളവരുടെ പരിചരണത്തിൽ നിന്ന് രക്ഷിതാക്കൾക്കും പരിചാരകർക്കും താൽക്കാലിക ആശ്വാസം നൽകുക, ആവശ്യമായ പരിചരണ പിന്തുണ ലഭ്യമല്ലാത്തവർക്ക് ഡേ കെയർ സൗകര്യം ഒരുക്കുക, ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് ദീർഘകാല സംരക്ഷണം ലഭിക്കുന്നതുവരെ താൽക്കാലിക അഭയം നൽകുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. പദ്ധതിയുടെ മാർഗരേഖ, അപേക്ഷാ ഫോം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഫോൺ: 0468 2325168.





