തിരുവല്ല: 68-ാമത് നീരേറ്റുപുറം പമ്പാ ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ക്യാപ്റ്റൻ വർഗീസ് വർക്കിംഗിന്റെയും അലൻ മൂന്ന് തൈക്കലിന്റെയും നേതൃത്വത്തിൽ മത്സരിച്ച ചെറുതന ചുണ്ടൻ കെ.സി.മാമ്മൻ മാപ്പിള ട്രോഫി കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തല വടിച്ചുണ്ടനെയും കാരിച്ചാൽ ചുണ്ടനെയും പിന്നിലാക്കിയാണ് ചെറുതന ചുണ്ടൻ ജേതാവായത്.
വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ അൽവിൻ കുര്യൻ ക്യാപ്റ്റനായ നെപ്പോളിയൻ ഉത്രാടം തിരുനാൾ ട്രോഫി സ്വന്തമാക്കി. ഷോട്ട് പുളിക്കത്തറയെ പിന്നിലാക്കിയാണ് നെപ്പോളിയൻ ജയം നേടിയത്. ഇരുട്ടുകുത്തി വിഭാഗത്തിൽ സെന്റ് ജോസഫ് ഒന്നാം സ്ഥാനം നേടി. മത്സര വള്ളംകളി എം.എൽ.എ. റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ റെജി തൈക്കടവിൽ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം പമ്പാ ബോട്ട് റേസ് ക്ലബ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസിന്റെ അധ്യക്ഷതയിൽ നടന്നു. മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. പ്രൊഫ. പി. ജെ. കുര്യൻ ആമുഖപ്രസംഗം നടത്തി. പൊതുസമ്മേളനം തിരുവല്ല എം.എൽ.എ. അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, മഞ്ജു വിജയകുമാർ, തിരുവല്ല നഗരസഭ ചെയർമാൻ എസ്. ലേഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, ടിജിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു വലിയവീടൻ, കെ. ബാലചന്ദ്രൻ, ആൻസി ബിജോയ്, വി. എൻ. വിശ്വംഭരൻ, ലിജി ആറുപണിക്കർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ സുരജ്, കേരള കോൺഗ്രസ് പ്രസിഡന്റ് ജേക്കബ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ പുന്നൂസ് ജോസഫ്, ജനറൽ സെക്രട്ടറി പ്രകാശ് പനവേലിൽ, ട്രഷറർ ബിന്നി പി. ജോർജ്, ജഗൻ തോമസ്, കൺവീനർമാരായ വി. ആർ. രാജേഷ്, കുര്യൻ ചെറിയാൻ, സജി കൂടാരത്തിൽ, ജേക്കബ് ചക്കാലയിൽ, മോനി ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.





