പത്തനംതിട്ട: വ്യാജ മേൽവിലാസവും റേഷൻ കാർഡിലെ തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി. വ്യാജ രേഖകൾ നിർമ്മിച്ച് റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്തിയെന്ന പരാതിയിൽ അധികൃതർ കർശന നടപടി സ്വീകരിച്ചതോടെയാണ് നേതാവ് വീണ്ടും പ്രതിസന്ധിയിലായത്.
അടൂർ താലൂക്ക് സപ്ളൈ ഓഫീസർ കൈക്കൊണ്ട നടപടികൾ ഹൈക്കോടതി മരവിപ്പിച്ചതാണ് ഇപ്പോൾ തിരിച്ചടിയായത്. കൊല്ലശേരിൽ കുടുംബം നൽകിയ പരാതിയിലാണ് കോടതിയുടെ ഈ നടപടി. പുതിയ റേഷൻ കാർഡ് എടുക്കണമെന്ന സപ്ലെഓഫിസറുടെ നിർദേശത്തിനെ നിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
അടൂർ താലൂക്ക് സപ്ലൈ ഓഫീസറുടെയും ആർ.ഡി.ഒയുടെയും അന്വേഷണത്തിൽ തട്ടിപ്പ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. വ്യാജ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ പേര് റേഷൻ കാർഡിൽ നിന്നും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം.
മുമ്പ് സി.പി.ഐ നേതാവായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. എന്നാൽ കോൺഗ്രസിലേക്ക് എത്തിയതിന് പിന്നാലെ ഉയർന്ന സാമ്പത്തിക-വിലാസ ക്രമക്കേട് ആരോപണങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ ഇവരുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. താൻ സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. എന്നാൽ അധികൃതരിൽ നിന്നും തുടർച്ചയായുണ്ടാകുന്ന തിരിച്ചടികൾ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.





