കൊച്ചി : ബലാത്സംഗക്കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോണുകളുടെ പാസ്കോഡ് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. അന്വേഷണസംഘം പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളും തുറന്ന് പരിശോധിക്കുന്നതിന് പാസ്കോഡ് കൈമാറാൻ രാഹുൽ ബാധ്യസ്ഥനാണെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്.
പാസ്കോഡ് നൽകുന്നതിൽ നിന്ന് ഒഴിവാകാൻ ഭരണഘടനാപരമായ പരിരക്ഷ അവകാശപ്പെടാനാവില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് പാസ്കോഡ് അനിവാര്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
തിരുവല്ലയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയെങ്കിലും പാസ്കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഫോണുകളിലെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പാസ്കോഡ് നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി പാസ്കോഡ് കൈമാറാൻ നിർദേശിച്ചതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പാസ്കോഡ് വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സ്വയം കുറ്റാരോപണത്തിനെതിരെയുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് രാഹുലിന്റെ വാദം. ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അവ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിഷയത്തിലെ ഭരണഘടനാപരമായ വശങ്ങൾ പരിശോധിക്കുന്നതിനായി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. പാസ്കോഡ് നൽകാൻ പ്രതിയെ നിർബന്ധിക്കുന്നത് ഭരണഘടനയുടെ 20(3) അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാകുമോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക.
വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയിലാണ് തിരുവല്ലയിൽ രാഹുലിനെതിരെ മൂന്നാമത്തെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബലാത്സംഗം, ശാരീരികവും മാനസികവുമായ പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളത്. എന്നാൽ ആരോപണങ്ങൾ രാഹുൽ നിഷേധിച്ചിട്ടുണ്ട്.





