തിരുവല്ല : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ഡിസംബർ 18-ന് തിരുവല്ലയിൽ സംഘടിപ്പിക്കുന്ന സാന്റാ ഹാർമണി 2026ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
സാന്റാ ഹാർമണി 2026 ന്റെ ഭാഗമായി ഡിസംബർ 18ന് തിരുവല്ലയിൽ അയ്യായിരത്തിലധികം സാന്താക്ലോസുമാർ ക്കൊപ്പം പതിനായിരങ്ങൾ അണിനിരക്കുന്ന വർണാഭമായ മെഗാ ക്രിസ്മസ് വിളംബര റാലി സംഘടിപ്പിക്കും. രാമൻചിറ ബൈപ്പാസ് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് സെന്റ് ജോൺസ് കത്തീഡ്രൽ അങ്കണത്തിൽ സമാപിക്കും.
ഘോഷയാത്രയിൽ ബാൻഡ് മേളങ്ങൾ, വിവിധ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ക്രിസ്മസ് ഫ്ലോട്ടുകൾ, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് കലാപ്രകടനം,ലൈറ്റ് ഷോ, എന്നിവയും വിവിധ കലാപരിപാടികളും ആലോഷങ്ങൾക്ക് മിഴിവേകും. ക്രിസ്മസ് ആഘോഷത്തെ ജനകീയ കൂട്ടായ്മയുടെയും സാമൂഹിക ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശമാക്കി മാറ്റുകയാണ് സാന്റാ ഹാർമണിയുടെ ലക്ഷ്യം.
ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും സാന്റാ ഹാർമണി 2026 ന്റെ ഭാഗമായി നടത്തുവാൻ സംഘാടകർ നടപ്പിലാക്കും. യുവതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുമുള്ള സന്ദേശം ഈ കൂട്ടായ്മയിൽ ഉയർത്തിപ്പിടിക്കും.
ലോഗോ പ്രകാശന ചടങ്ങിൽ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, എം.എൽ.എ മാരായ വർഗീസ് മാമ്മൻ, അബിൻ വർക്കി കോടിയാട്ട്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, തിരുവല്ല നഗരസഭ ചെയർ പേഴ്സൺ എസ്. ലേഖ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി സി.ഇ.ഒ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, ഫാ.മാത്യൂ തുണ്ടിയിൽ, ജോബിൻ കെ ജോർജ്, സാന്റാ ഹാർമണി ചെയർമാൻ ആർ. ജയകുമാർ, ഷാജി മാത്യു, എം.സലീം, വിന്നി ജോൺസൺ, ബിനു വി ഈപ്പൻ, സിബി തോമസ്, വിനോദ് തിരുമൂലപുരം, പി.എം. അനീർ, രതീഷ് പാലിയിൽ, ലാൽജി വർഗീസ്, തോംസൺ വർഗീസ്, എം.കെ. വർക്കി, ഷാജി തിരുവല്ല, ഷിബു പുതുക്കേരിൽ, ജിജോ മാത്യു, സജി എബ്രഹാം, എന്നിവർ പ്രസംഗിച്ചു





