പത്തനംതിട്ട : ശബരിമല തീർത്ഥാടന പാതയിലെ അപകടമുനമ്പായ മണ്ണാറക്കുളഞ്ഞിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം എതിരെ വന്ന വാനുമായി കൂട്ടിയിടിച്ചു. ആളപായമില്ല . ഇന്ന് രാവിലെയായിരുന്നു സംഭവം. മണ്ഡലകാലം ആരംഭിച്ചതോടെ മേഖലയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് യാത്രക്കാരുടെയും നാട്ടുകാരുടെയും ആശങ്ക വർധിപ്പിക്കുകയാണ്.
മണ്ണാറക്കുളഞ്ഞിയിലെ കൊടുംവളവുകളാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വളവുകളിലെ കാഴ്ചപരിമിതിയും വാഹനങ്ങളുടെ അമിതവേഗവും പലപ്പോഴും കൂട്ടിയിടികളിലേക്ക് നയിക്കുന്നു. ശബരിമല ദർശനത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ റോഡിന്റെ സ്വഭാവം മനസ്സിലാക്കാതെ അമിതവേഗത്തിൽ പായുന്നതും അപകടസാധ്യത കൂട്ടുന്നുണ്ട്റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന ഡിവൈഡർ സ്റ്റമ്പുകളിൽ പലതും വാഹനങ്ങൾ കയറിയിറങ്ങി തകർന്ന നിലയിലാണ്.
തകർന്ന സ്റ്റമ്പുകൾ പുനഃസ്ഥാപിക്കാനോ അപകടമേഖലയിൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സുരക്ഷാ ക്രമീകരണങ്ങൾ പ്രഖ്യാപിക്കുമ്പോഴും പ്രധാന തീർത്ഥാടന പാതയിലെ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടകരമായ വളവുകളിൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.തകർന്ന ഡിവൈഡർ സ്റ്റമ്പുകൾ ഉടൻ പുനഃസ്ഥാപിക്കുക. വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യുക. മണ്ഡലകാലത്ത് തീർത്ഥാടകരുടെയും മറ്റ് യാത്രക്കാരുടെയും ജീവൻ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





