കൊച്ചി: കേരളത്തിന്റെ അബ്കാരി ചരിത്രത്തിൽ ആദ്യമായി ബേക്കറികളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന ആരംഭിച്ചു. പഴങ്ങളിൽ നിന്നും കാർഷികോൽപന്നങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ ഹോർട്ടി വൈൻ ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് ഔദ്യോഗികമായി വിൽപന തുടങ്ങിയത്.
സംസ്ഥാന സർക്കാരിന്റെ ഭേദഗതി വരുത്തിയ ഫോറിൻ ലിക്കർ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുപ്രകാരം ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, കൂടാതെ 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള തിരഞ്ഞെടുക്കപ്പെട്ട ബേക്കറികൾ എന്നിവയ്ക്ക് വൈൻ വിൽക്കുന്നതിനായുള്ള ലൈസൻസ് അനുവദിക്കുന്നുണ്ട്.
വിൽപന മാത്രം, കുടിക്കാൻ അനുമതിയില്ല
സ്ഥാപനങ്ങൾക്ക് കൗണ്ടർ വഴി കുപ്പികളിൽ വൈൻ വിൽക്കാം. എന്നാൽ കടയ്ക്കുള്ളിലിരുന്ന് ഇത് കഴിക്കാൻ കർശന അനുമതിയില്ല. 10,000 രൂപയാണ് ഇതിനായുള്ള വാർഷിക ലൈസൻസ് ഫീസ്. വൈൻ ലൈസൻസ് എടുക്കുന്ന സ്ഥാപനങ്ങൾക്ക് വിൽപനയിൽ 20 ശതമാനം കമ്മിഷനും ലഭിക്കും.
കാർഷിക മേഖലയ്ക്ക് ഉണർവ്
പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും കാർഷികോൽപന്നങ്ങളും ഉപയോഗിച്ച് വൈൻ നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് മികച്ച വരുമാനവും കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്നതിനിടയിലാണ് ബേക്കറികൾ വഴിയുള്ള ഈ ഹോർട്ടി വൈൻ വിൽപന സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. എന്നാൽ പദ്ധതി സംബന്ധിച്ച് അവ്യക്തത ഉണ്ടെന്നും പെട്ടെന്ന് ഇത് നടപ്പാക്കിയതിൽ എക്സൈസ് ഡയറക്ടറേറ്റിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും എക് സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി





